ഐ എം എ ഭൂമിക്ക് പൊന്നുംവില; കണ്ണുംനട്ട് റിയൽ എസ്‌റ്റേറ്റ് മേഖല

സ്വന്തം ലേഖകൻ - - Leave a Comment

കോഴിക്കോട് >> തൊണ്ടയാട് – മലുപറമ്പ് ബൈപ്പാസിനടുത്ത് നേതാജി -പനാത്ത് താഴം റോഡിൽ ഐഎംഎ യുടെ പേരിലുള്ള രണ്ട് ഏക്കർ 20 സെൻറ് സ്ഥലം പൊന്നും വിലക്കെടുക്കാൻ കണ്ണും നട്ട് റിയൽ എസ്റ്റേറ്റ് മേഖല സജീവം. ഒമ്പത് വർഷം മുമ്പ് വികസമില്ലാതെ കിടന്ന ഈ ഭൂമി ഇന്ന് നഗരത്തിൻ്റെ കണ്ണായ സ്ഥലമാണ്. 

ഈ സ്ഥലത്തിന് മുൻവശം 12 മീറ്റർ മാത്രം വീതി ഉണ്ടായ റോഡ് ആധുനികവത്ക്കരിച്ച് ഇപ്പോൾ 36 മീറ്ററാണ്. മാത്രമല്ല സമീപഭാവിയിൽ കോഴിക്കോട് നഗരം ഈ മേഖലയിലേക്കാണ് കേന്ദ്രീകരിക്കുന്നത്. നിർദ്ദിഷ്ട ഗതാഗത ഹബ്, ആറ് വരി ദേശീയപാത എന്നിവ ഈ ഭൂമിക്ക് സമീപത്താണ്‌.  

നേരത്തെ ഈ ഭൂമി നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമില്ലാത്ത അവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഇതിനോട് ചേർന്ന് കിടന്ന സ്ഥലത്ത് കൂറ്റൻ കെട്ടിടവും വീടുകളും ഉയർന്നത്. കാലക്രമേണ ഭൂമി തരം തിരിച്ചു നിയമം വന്നതോടെയാണ് ഐഎംഎ ക്ക് നിർമ്മാണ തടസം ഉണ്ടായത്. എന്നാൽ ഐഎംഎ യുടെ ആവശ്യപ്രകാരം ഈ 2.20 ഏക്കർ കൈവശഭൂമിയിൽ ഒരു ഏക്കർ 34 സെൻ്റ് ഭൂമി നിർമ്മാണ പ്രവർത്തികൾക്ക് സർക്കാർ തരം തിരിച്ച് നൽകിയിട്ടുണ്ട്. ഐ എം എ വെൽഫെയർ റിസർച്ച് സൊസൈറ്റി കൺവൻഷൻ സെൻ്ററും ഭവന സമുച്ചയ കെട്ടിട നിർമ്മാണത്തിന് പ്ലാനും ഒരുക്കിയിരുന്നു. ഈ നിർമ്മാണ അനുമതിയുള്ള ഭൂമിയുടെ ചുവടുപിടിച്ചാണ് റിയൽ എസ്‌റ്റേറ്റ് മേഖല ഭൂമി സ്വന്തമാക്കാൻ സജീവമായി ഇപ്പോൾ രംഗത്തു വരുന്നത്.

 2019 ഡിസംബറിൽ ചേർന്ന ഐഎംഎ യുമായി ബന്ധപ്പെട്ട യോഗത്തിൽ ഭൂമി വിൽക്കാനും, പിരിച്ചെടുത്ത പണത്തിന് ബാങ്ക് പലിശക്കൊത്ത പണം വ്യക്തികൾക്ക് തിരിച്ചു കൊടുക്കാനും ധാരണ ആയതായി അറിയുന്നു. 82 പേർക്കാണ് പണം തിരിച്ചു നൽകേണ്ടത്. 27 അംഗ ഡയറക്ടർ ബോർഡ് വിൽപ്പനക്ക് അനുമതി നൽകിയതായും പറയുന്നുണ്ട്. ജനുവരിയിൽ ഭൂമി പൊന്നുംവില കൊടുത്ത് വാങ്ങാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രമുഖർ ശ്രമിച്ചിരുന്നു.. എന്നാൽ പിന്നീട് കൊവിഡ്, ലോക്ക്ഡൗൺ ആയതോടെ ഈ ശ്രമം തത്ക്കാലം നിറുത്തി. 

ഇപ്പോൾ റിയൽ എസ്‌റ്റേറ്റ് മേഖല വീണ്ടും സജീവമാകുകയും ബൈപ്പാസ് ആറ് വരി വികസനത്തിന് കേന്ദ്രം പച്ചക്കൊടി കാണിക്കുകയും ചെയ്തതോടെ ഈ ഭൂമി വീണ്ടും ചർച്ചയായിട്ടുണ്ട്. സംഘടനയിൽ പ്രശ്നം ചർച്ചയാക്കി ഭൂമി പെട്ടെന്ന് വിൽപ്പന നടത്തി കുറഞ്ഞ നിരക്കിൽ വിറ്റഴിക്കാൻ ശ്രമം നടക്കുന്നതും ആരോപണമുണ്ട്. വിൽപ്പന നടന്നാൽ ഫണ്ട് നൽകിയ ഓരോ അംഗത്തിനും 2ലക്ഷം രൂപയോളം അധിക തുക ലഭിക്കുമെന്ന് അറിയുന്നു. നിലവിലെ സാഹചര്യത്തിൽ ഐ എം എ ഞായറാഴ്ച ചേരുന്ന സൊസൈറ്റിയുടെ ജനറൽ യോഗത്തിൽ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട ചർച്ച നടക്കും.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *