എറണാകുളം>>>ജില്ലയിലെ മുഴുവൻ സർക്കാർ ഓഫീസുകളിലും ശാസ്ത്രീയ മാലിന്യ സംസ്കരണരീതി ഉറപ്പാക്കുന്ന ‘ഗ്രീൻ ഓഫീസ്’ പദ്ധതി നടപ്പാക്കാനുള്ള ശുചിത്വമിഷന്റെ പ്രവർത്തനങ്ങൾക്ക് ഗാന്ധിജയന്തി ദിനത്തിൽ തുടക്കമായി.
ജൈവ – അജൈവ മാലിന്യങ്ങൾ ശാസ്ത്രീയ രീതിയിൽ തരംതിരിച്ച് സംസ്കരിക്കുന്നതിനായി എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും പദ്ധതിക്ക് കീഴിൽ പരിശീലനം നൽകും.
ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനായി ജീവനക്കാരുടെ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ ഓഫീസുകളിൽ ബയോപോട്ടുകൾ, പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കുന്നതിനായുള്ള സൗകര്യങ്ങൾ എന്നിവ സ്ഥാപിക്കും.
ശുചിത്വമിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് അങ്കണവാടി മുതൽ കോളേജ്തലം വരെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന മാലിന്യ സംസ്കരണ പദ്ധതികൾ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കും.പദ്ധതികൾക്ക് കീഴിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കുന്നതിനായുള്ള സൗകര്യങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരുക്കി നൽകും. നിലവിൽ ജില്ലയിലെ 600 വിദ്യാലയങ്ങളിൽ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.
ശ്വചിത്വത്തിന്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായുള്ള വിവിധ ബോധവത്ക്കരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കും.ഗാന്ധിജയന്തി ദിനത്തിൽ സിവിൽസ്റ്റേഷൻ വളപ്പിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ കളക്ടർ എസ്. സുഹാസ് , എ.ഡി.എം സാബു കെ ഐസക്ക് എന്നിവർ മാവിൻതൈകൾ നട്ടു. ഗ്രീൻ ഓഫീസ് പദ്ധതിക്ക് കീഴിൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനായുളള മാർഗരേഖ ജില്ലാ കളക്ടർ എ.ഡി.എമ്മിന് കൈമാറി. ചടങ്ങിൽ ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.എച്ച് ഷൈൻ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.