Type to search

“എന്റെ കെ.എസ്.ആർ.ടി.സി” മൊബൈൽ റിസർവേഷൻ ആപ്പ് നാളെ മുതൽ

Kerala

കോഴിക്കോട് >>> കോവിഡ് കാലത്ത്  യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി കെ. എസ്. ആർ.ടി. സി പുറത്തിറക്കുന്ന “എന്റെ കെ.എസ്.ആർ.ടി.സി” മൊബൈൽ റിസർവ്വേഷൻ ആപ്പ്  നാളെ  രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കുമെന്ന് ബഹു. ​ഗതാ​ഗത മന്ത്രി എ. കെ. ശശീന്ദ്രൻ അറിയിച്ചു. 

ഇതോടൊപ്പം കെ.എസ്.ആർ.ടി. സി നടപ്പിലാക്കുന്ന മറ്റ് പദ്ധതികളായ “കെ.എസ്.ആർ.ടി.സി ജനതാ സർവ്വീസ്” ലോഗോ, “കെ.എസ്.ആർ.ടി.സി ലോജിസ്റ്റിക്സ്” ലോഗോ എന്നിവയും  ചടങ്ങിൽ പുറത്തിറക്കും.
ദിവസേന  പതിനായിരത്തിലധികം യാത്രക്കാരാണ് കെ.എസ്.ആർ.ടി.സി-യുടെ ഓൺലൈൻ റിസർവ്വേഷൻ സംവിധാനം ഉപയോഗിച്ച് ടിക്കറ്റ് റിസർവ്വ് ചെയ്ത് യാത്ര ചെയ്യുന്നത്.  ഇവരിൽ നല്ലൊരു ശതമാനം യാത്രക്കാരും മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ടിക്കറ്റ് റിസർവ്വ് ചെയ്യുന്നത്. എന്നിട്ടും  കെ.എസ്.ആർ.ടി.സി-യ്ക്ക് സ്വന്തമായി ഓൺലൈൻ റിസർവ്വേഷൻ മൊബൈൽ ആപ്പ് ഇല്ല എന്ന പോരായ്മ മറികടന്ന് അഭി ബസ്സുമായി ചേർന്ന് ആൻഡ്രോയ്ഡ്/ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കാൻ കഴിയുന്ന  “എന്റെ കെ.എസ്.ആർ.ടി.സി” (Ente KSRTC) എന്ന മൊബൈൽ റിസർവ്വേഷൻ ആപ്പ്  തയ്യാറാക്കിയിരിക്കുകയാണ്. എല്ലാവിധ ആധുനിക പേയ്മെന്റ് സംവിധാനങ്ങളുമുള്ള ഈ ആപ്ലിക്കേഷൻ യാത്രക്കാർക്ക് സൗകര്യപ്രദവും ലളിതമായി ഉപയോഗിക്കാൻ  സാധിക്കുന്നതുമാണ്.
പൊതു ഗതാഗത സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്യുന്നവരുടെ എണ്ണം കോവിഡ് പശ്ചാത്തലത്തിൽ കുത്തനെ ഇടിഞ്ഞുപോയി എന്ന  പ്രതിസന്ധി മറികടക്കുന്നതിന് യാത്രക്കാർക്കായി കെ.എസ്.ആർ.ടി.സി-യുടെ പുതിയ കാൽവയ്‌പ്പ് എന്ന നിലയിൽ “അൺലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി” ബസ്സുകൾ വിജയകരമായി സർവ്വീസ് നടത്തി വരികയാണ്. വളരെയധികം ജനപ്രീതി നേടിയ ഈ സർവ്വീസിന് ഒരു പേര് നിർദ്ദേശിക്കാനുള്ള കെ.എസ്.ആർ.ടി.സി-യുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലെ പോസ്റ്റിന് ആയിരത്തിലധികം നിർദ്ദേശങ്ങളാണ് ലഭിച്ചത്. അതിൽ ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെട്ട “കെ.എസ്.ആർ.ടി.സി ജനത സർവ്വീസ്” എന്ന പേര് ഈ സർവ്വീസിന് നൽകുകയാണ്. അതിനായി ഒരു ലോഗോയും തയ്യാറാക്കിയിട്ടുണ്ട്.
ഡീസൽ, സ്പെയർ പാർട്സ് വിലവർദ്ധനവ് ഉണ്ടായതിനെ തുടർന്ന് പല ട്രാൻസ്പോർട്ട് കോർപ്പറേഷനുകളും ടിക്കറ്റിതര വരുമാന മാർഗ്ഗങ്ങൾ വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. കെ.എസ്.ആർ.ടി.സി-യും ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നൂതന മാർഗ്ഗങ്ങൾ ആവിഷ്ക്കരിച്ചു വരുന്നതിൻ്റെ  ഭാഗമായി “KSRTC LOGISTICS” എന്ന പേരിൽ പാഴ്സൽ സർവ്വീസ് ആരംഭിച്ചിരുന്നു.
 കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങൾ എന്നിവയുടെയും സ്വകാര്യ സംരംഭകരുടെയും പാഴ്സലുകൾ കൈകാര്യം ചെയ്യുന്ന  ഈ  പുതിയ സംരംഭത്തിന് തുടക്കം കുറിച്ച് ചരക്ക് കടത്ത് മേഖലയിലേക്കും കെ.എസ്.ആർ.ടി.സി പ്രവേശിക്കുകയാണ്. കോവിഡ് 19-ന്റെ ഭാഗമായി കേരള സർക്കാർ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 4 മാസത്തേക്ക് കൂടി അനുവദിക്കുന്ന അതിജീവനക്കിറ്റുകളുടെ വിതരണത്തിനായി SUPPLYCO യ്ക്ക് വാഹനങ്ങൾ പ്രതിമാസ വാടകയ്ക്ക് അനുവദിച്ചു കൊണ്ട് “KSRTC LOGISTICS” ആരംഭിച്ചിരുന്നു. 
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, വിവിധ യൂണിവേഴ്സിറ്റികൾ, പരീക്ഷാഭവൻ എന്നിവരുടെ ചോദ്യ പേപ്പർ, ഉത്തരക്കടലാസ് തുടങ്ങിയവയും ജി.പി.എസ് അടക്കം സുരക്ഷാ സംവിധാനങ്ങൾ ഉള്ള വാഹനങ്ങൾ വഴി സംസ്ഥാനത്തെമ്പാടും എത്തിക്കുന്ന സംവിധാനം കൂടി ഈ പദ്ധതിയുടെ ഭാഗമാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇത്തരത്തിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ചരക്ക് കടത്തിന്റെ ഏറിയ പങ്കും നടത്തുന്ന വിധത്തിലേക്ക് “KSRTC LOGISTICS” സംവിധാനം വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

Tags:

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.