കോതമംഗലം >>> ഇന്ന് ലോക സാന്ത്വന പരിചരണ ദിനമാണ്. എന്റെ പരിചരണം, എനിക്ക് ആശ്വാസം എന്നതാണ് ഈ വർഷത്തെ പ്രമേയം.
മാറാരോഗങ്ങൾ ബാധിച്ച് ആശുപത്രികളിൽ നിന്നും ഇനി ചികിത്സയില്ലെന്നു പറഞ്ഞ് വീടുകളിൽ വേദന താങ്ങാനാവാതെ കഴിഞ്ഞിരുന്ന നിരവധി പേർക്കാണ് പാലിയേറ്റീവ് കെയർ തണലാവുന്നത്.ഈ മേഖലയിലെ വ്യതിരിക്തത കൊണ്ട് ശ്രേദ്ധേയമാവുകയാണ് കോതമംഗലം നെല്ലികുഴിയിലെ പീസ് വാലി. പീസ് വാലിക്ക് കീഴിലെ സാന്ത്വന പരിചരണ കേന്ദ്രത്തിൽ പത്തു രോഗികളെ ഒരേസമയം പ്രവേശിപ്പിക്കാനുള്ള സൗകര്യമാണ് ഉള്ളത്. 24 മണിക്കൂറും ഡോക്ടറുടെയും നേഴ്‌സുമാരുടെയും സേവനവും ലഭ്യമാണ്.രോഗിക്കും കൂട്ടിരിപ്പുകാരനും ഭക്ഷണവും മരുന്നുകളും സൗജന്യമായാണ് നൽകുന്നത്.ജീവിതകാലയളവ് പരിമിതപ്പെടുത്തുന്ന മാറാരോഗങ്ങൾ ബാധിച്ചവർക്കു ആശുപത്രിയിലെ അന്തരീക്ഷത്തിൽ നിന്നും മാറി ഉറ്റവരോടൊപ്പം അന്ത്യനിമിഷങ്ങൾ ചിലവഴിക്കാനുള്ള അവസരമാണ് ഇവിടെയുള്ളത്.വേദനയില്ലാതെ ശാന്തമായി മരണത്തിലേക്ക് പ്രവേശിക്കാൻ സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യർക്കും അവസരം ഒരുകുന്നതിലൂടെ മനുഷ്യന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്ന പ്രവൃത്തിയാണ് സെന്റർ ഫോർ പാലിയേറ്റീവ് കെയറിലൂടെ പീസ് വാലി സാക്ഷാത്കരിക്കുന്നത്.നാളിതു വരെ 60 ഓളം പേരാണ് അവസാനനിമിഷങ്ങൾ പീസ് വാലിയിൽ ചിലവഴിച്ചത്.ബൈലെവൽ പോസിറ്റീവ് എയർവേ പ്രെഷർ മെഷീൻ, ഓക്സിജൻ കോൺസെൻട്രേറ്റർ തുടങ്ങിയ ആധുനിക സംവിധാനങ്ങളും പീസ് വാലിയിൽ സജ്ജീകരിച്ചിട്ടുണ്ട്.സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രം, നട്ടെല്ലിനു പരിക്കേറ്റവർക്കുള്ള ഫിസിയോതെറാപ്പി കേന്ദ്രം, പത്ത് മെഷീൻ ഉള്ള ഡയാലിസിസ് കേന്ദ്രം, സഞ്ചരിക്കുന്ന ആശുപത്രി എന്നിവയാണ് പീസ് വാലിയുടെ ഇതര പ്രവർത്തനമേഖലകൾ.
എൻ പ്രശാന്ത് IAS പാലിയേറ്റീവ് രോഗികളെ സന്ദർശിക്കുന്നു.