ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം; പരമ്ബരാഗത വള്ളങ്ങള്‍ക്ക് വിലക്കില്ല

സ്വന്തം ലേഖകൻ -

കൊച്ചി>>>  സംസ്ഥാനത്ത് മണ്‍സൂണ്‍കാല ട്രോളിങ് ബുധനാഴ്ച അര്‍ധരാത്രിയോടെ നിലവില്‍വരും. 52 ദിവസക്കാലത്തേക്കുള്ള നിരോധനം ജൂലൈ 31ന് അവസാനിക്കും. ഈ കാലയളവില്‍ യന്ത്രവല്‍കൃത ബോട്ടുകള്‍ കടലില്‍ പോകുവാനോ മത്സ്യബന്ധനം നടത്താനോ പാടില്ല. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കൊവിഡ് പ്രതിസന്ധിക്കിടെയുള്ള ട്രോളിംഗ് നിരോധനം തൊഴിലാളികളെ കൂടുതല്‍ ആശങ്കയിലാക്കുകയാണ്. പ്രതിസന്ധി കാലത്ത് സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.

കൊവിഡ് പ്രതിസന്ധി, ഡീസല്‍ വിലക്കയറ്റം എന്നിവയില്‍ മത്സ്യത്തൊഴിലാളികള്‍ നട്ടം തിരിയുമ്ബോഴാണ് ട്രോളിങ് നിരോധനം കൂടി എത്തുന്നത്. ഇളവുകള്‍ നേരത്തെ ലഭിച്ചെങ്കിലും ഇതര സംസ്ഥാനത്തൊഴിലാളികള്‍ നാട്ടില്‍ പോയി മടങ്ങിയെത്താഞ്ഞതിനാല്‍ പല ബോട്ടുകളും കരയ്ക്ക് തന്നെയാണ്. ബോട്ടില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ മാത്രമല്ല, മറ്റ് അനുബന്ധ ജോലികള്‍ ചെയ്യുന്നവര്‍ക്കും ഇനി വറുതിയുടെ കാലമാണ്.

കൊവിഡ് വ്യാപനം മൂലം പല ഹാര്‍ബറുകളും അനിശ്ചിത കാലത്തേക്ക് അടച്ചിടുകയോ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തതു മൂലം തീരമേഖല നിലവില്‍ വറുതിയുടെ പിടിയിലാണ്.ട്രോളിങ് കാലയളവിലാണ് മിക്ക യാനങ്ങളും അറ്റകുറ്റപ്പണി നടത്തുന്നത്.ഓരോ സീസണിലും നാല് ലക്ഷത്തോളം രൂപ മുടക്കിയാണ് ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. പണമില്ലാത്തതിനാല്‍ പണികള്‍ ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷ ഉടമകള്‍ക്കില്ല. നിരോധന ശേഷമെങ്കിലും സര്‍ക്കാര്‍ ഇന്ധന സബ്‌സിഡി നല്‍കിയില്ലെങ്കില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്നാണ് ബോട്ടുടമകളുടെ പക്ഷം. രണ്ട് മാസത്തോളം പണിയില്ലാതാകുമ്ബോള്‍ കൂടുതല്‍ കടം വാങ്ങേണ്ടി വരുമോയെന്നാണ് ഇവരുടെ ആശങ്ക.

അതേസമയം, പരമ്ബരാഗത വള്ളങ്ങള്‍ക്ക് മത്സ്യബന്ധനത്തിലേര്‍പ്പെടാന്‍ വിലക്കില്ല. അതേസമയം ഇരട്ട വള്ളങ്ങള്‍ (പെയര്‍) ഉപയോഗിച്ചുള്ള മീന്‍പിടിത്തം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വലിയ വള്ളങ്ങള്‍ക്കൊപ്പം ഉപയോഗിക്കുന്ന കരിയര്‍ വള്ളങ്ങള്‍ക്കും നിയന്ത്രണമുണ്ട്. തൊഴില്‍രഹിതരായവര്‍ക്ക് സൗജന്യ റേഷനുപുറമെ ഇത്തവണ 1200 രൂപ നല്‍കാനും നടപടിയായി.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →