കൊച്ചി: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുന്നു. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പുള്ളത്. അതിന് പുറമെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. നാളെ ആറ് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിൽ താമസിക്കുന്നവരും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പുലർത്തണം.
അതേസമയം ഇടുക്കിയിൽ അണക്കെട്ടുകളുടെ വൃഷ്‌ടി പ്രദേശത്ത് മഴ തുടരുകയാണ്. മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളുടെ വൃഷ്‌ടി പ്രദേശത്താണ് മഴ തുടരുന്നത്. ചൊവ്വാഴ്ച്ച രാത്രിയിൽ തുടങ്ങിയ മഴയാണ് വ്യാഴാഴ്ച്ച പുലർച്ചെയും തുടരുന്നത്. ഇതോടെ പെരിയാറ്റിൽ ജലനിരപ്പ് ഉയർന്നു തുടങ്ങിയിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വർധിച്ചു.
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും ശ്രദ്ധ പുലർത്തണം. കേരളാതീരത്ത് നിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കർശന മുന്നറിയിപ്പുണ്ട്.