ഇടുക്കി എല്ലാ രംഗത്തും മുന്നാക്കം വന്നു കൊണ്ടിരിക്കുകയാണെന്ന് എം.ജിസര്‍വകലാശാല റാങ്ക് ജേതാക്കളെ ആദരിച്ചു കൊണ്ട് മന്ത്രി എം.എം.മണി പറഞ്ഞു

ന്യൂസ് ഡെസ്ക്ക് - - Leave a Comment

ഇടുക്കി >>>ഇടുക്കി ജില്ല പിന്നാക്കമല്ല, എല്ലാ രംഗത്തും മുന്നാക്കം വന്നു കൊണ്ടിരിക്കുന്നുവെന്ന് മന്ത്രി എം.എം.മണി. എം. ജി സര്‍വ്വകലാശാലയില്‍ നിന്നും വിവിധ വിഷയങ്ങള്‍ക്ക് റാങ്ക് കരസ്ഥമാക്കിയ ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നല്‍കിയ അനുമോദന ചടങ്ങ് ‘പ്രതിഭാ സംഗമം’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വികസന രംഗത്തും ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും ഇടുക്കി മുന്‍പന്തിയിലേയ്‌ക്കെത്തുന്നു. എം. ജി സര്‍വ്വകലാശാലയുടെ ഡിഗ്രി, പി.ജി പരീക്ഷകളില്‍ വിവിധ വിഷയങ്ങളിലായി ജില്ലയില്‍ നിന്നുള്ള 93 പേര്‍ ആദ്യ പത്തു റാങ്കുകള്‍ കരസ്ഥമാക്കിയെന്നത് അഭിമാനനേട്ടമാണെന്നും മന്ത്രി പറഞ്ഞു. ബി എസ് സി ഗണിത ശാസ്ത്രത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അമല ബാബുവിന് മന്ത്രി ആദ്യ പുരസ്‌കാരം നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ഭരണകൂടം, എസ് ബി ഐ, ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ ഇടുക്കി വാര്‍ത്തകള്‍ എന്നിവര്‍ സംയുക്തമായാണ് പ്രതിഭാസംഗമം സംഘടിപ്പിച്ചത്.
കളക്ട്രേറ്റ് ഹാളില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അധ്യക്ഷത വഹിച്ചു. ആദ്യ മൂന്ന് റാങ്കുകള്‍ കരസ്ഥമാക്കിയ 25 കുട്ടികള്‍ക്ക് ജില്ലാ ഭരണകൂടം നല്‍കുന്ന അഭിനന്ദന സര്‍ട്ടിഫിക്കറ്റും ക്യാഷ് പ്രൈസ്സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പൈനാവ് ബ്രാഞ്ച് നല്‍കുന്ന ഫലകവും ഇടുക്കി വാര്‍ത്തകള്‍ നല്‍കുന്ന ഉപഹാരവും വിതരണം ചെയ്തു. ജില്ലയിലെ ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ ഇടുക്കി വാര്‍ത്തകള്‍ നടത്തുന്ന ലൈറ്റ് അപ് ദെയര്‍ ഡ്രീം എന്ന ക്യാമ്പയിന്റെ ഭാഗമായാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.
യോഗത്തില്‍ എസ്ബിഐ റീജിയണല്‍ മാനേജര്‍ മാര്‍ട്ടിന്‍ ജോസ്, ബ്രാഞ്ച് മാനേജര്‍ ശ്യാംകുമാര്‍, ഇടുക്കി വാര്‍ത്ത പ്രതിനിധി അനില്‍ മാനുവല്‍, റാങ്ക് ജേതാക്കളുടെ പ്രതിനിധി അനിറ്റ കുര്യന്‍ എന്നിവര്‍ സംസാരിച്ചു. ഇടുക്കി തഹസില്‍ദാര്‍ വിന്‍സെന്റ് ജോസഫ് സ്വാഗതവും എച്ച്.എസ് മിനി.കെ.ജോണ്‍ നന്ദിയും പറഞ്ഞു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *