ഇടതുമുന്നണിയുടെ തുടര്‍ഭരണം; രാഷ്ട്രീയ കേസുകളില്‍പ്പെട്ട ആയിരക്കണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആശങ്കയില്‍

സ്വന്തം ലേഖകൻ -

കണ്ണൂര്‍ >>> പിണറായി സര്‍ക്കാരിന് തുടര്‍ഭരണം കിട്ടിയതോടെ രാഷ്ട്രീയസമരത്തില്‍ പങ്കെടുത്ത് കേസില്‍ കുടുങ്ങിയ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആശങ്കയില്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആയിരക്കണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകരുടെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് പാസ്പോര്‍ട്ട്, ജോലി തുടങ്ങിയവയ്ക്ക് പോലീസിന്റെ തടസ്സമില്ലാപത്രം കിട്ടാനും പ്രയാസമാകും.

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതോടെ ഗുരുതര ചാര്‍ജുകളുള്ളവ ഒഴിച്ച്‌ ബാക്കിയെല്ലാം പിന്‍വലിക്കുമെന്നും ഇവര്‍ പ്രതീക്ഷിച്ചിരുന്നു. രാഷ്ട്രീയസമരങ്ങളിലെ പല കേസുകളും സര്‍ക്കാര്‍ അഥവാ പ്രോസിക്യൂഷനാകും പരാതിക്കാരന്‍. പ്രോസിക്യൂഷന് പരാതിയില്ലെന്ന് എഴുതിക്കൊടുത്ത് കോടതിയുടെ അനുമതിയോടെ കേസുകള്‍ പിന്‍വലിക്കുന്ന രീതിയാണ് കാലങ്ങളായി ഉണ്ടായിരുന്നത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 143 , 283, 147 തുടങ്ങിയ വകുപ്പുകളാണ് ഈ കേസില്‍ ചുമത്താറ്. പോലീസുമായി ബലംപിടിത്തമുണ്ടാകുന്ന കേസില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തലിന് 353-ാം വകുപ്പ് ചുമത്തും. മൂന്നുവര്‍ഷം തടവ് ലഭിക്കുന്ന കുറ്റമാണിത്. പോലീസിന് പരിക്കേല്‍ക്കുന്ന സംഭവങ്ങളില്‍ ഏഴുവര്‍ഷം വരെ തടവ് കിട്ടാവുന്ന 332-ാം വകുപ്പ് ചേര്‍ക്കും.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →