ആലുവ മൂന്നാർ റോഡ് ; നാല്‌ വരി പാതക്കുള്ള പദ്ധതി സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി

web-desk - - Leave a Comment

പെരുമ്പാവൂർ >>>ആലുവ മൂന്നാർ റോഡ് നാല് വരി പാതയായി നിർമ്മിക്കുന്നതിനുള്ള വിശദമായ പദ്ധതി രേഖ തയ്യാറാക്കി കിഫ്ബിയിൽ സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പദ്ധതിയുടെ പുരോഗതി സംബന്ധിച്ചു കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഡോ. കെ.എം എബ്രാഹമുമായി കഴിഞ്ഞ ദിവസം എംഎൽഎ തിരുവനന്തപുരത്ത് ചർച്ച നടത്തിയിരുന്നു. ബസ് കോറിഡോർ, യൂട്ടിലിറ്റി ഡക്റ്റ് എന്നിവ ഉൾപ്പെടുത്തി ദീർഘവീക്ഷണത്തോടെ പദ്ധതി നടപ്പിലാക്കണമെന്ന നിർദ്ദേശം എൽദോസ് കുന്നപ്പിള്ളി കിഫ്ബി സി.ഇ.ഒ ക്ക് മുന്നിൽ സമർപ്പിച്ചു. അശമന്നൂർ മുതൽ ആലുവ വെസ്റ്റ് വരെ 7 വില്ലേജുകളിലെ 91.09 ഏക്കർ സ്ഥലം ഏറ്റെടുക്കേണ്ടി വരും. ഏകദേശം 943 കോടി രൂപയാണ് ഇതിന് വേണ്ടി മാത്രം ചെലവ് പ്രതിക്ഷിക്കുന്നത്.

പെരുമ്പാവൂർ നഗരത്തിന്റെ രൂക്ഷമായ ഗതാഗത കുരുക്കിന് ശാശ്വതമായ പരിഹാരമായി വിഭാവനം ചെയ്ത പദ്ധതിയാണ് ഇത്. ഏകദേശം അൻപതിനായിരം വാഹനങ്ങളാണ് ഒരു ദിവസം ആലുവ മൂന്നാർ റോഡ് വഴി കടന്ന് പോകുന്നത്. മധ്യ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിൽ ഒന്നായ ഇവിടെ ആലുവ റെയിൽവേ സ്റ്റേഷൻ മുതൽ കോതമംഗലം വരെയുള്ള 36 കിലോമീറ്റർ ദൂരമാണ് നാലുവരി പാതയായി വികസിപ്പിക്കുന്നത്. പദ്ധതിയുടെ ബഹുഭൂരിഭാഗം വരുന്ന 21 കിലോമീറ്റർ ദൂരം പെരുമ്പാവൂർ മണ്ഡലത്തിലാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. പാലക്കാട്ടുതാഴം മുതൽ ഓടക്കാലി പാച്ചുപിള്ളപടി വരെയാണ് പെരുമ്പാവൂർ മണ്ഡലത്തിൽ ഉൾപ്പെട്ടത്.

പദ്ധതിയുമായി ബന്ധപ്പെട്ട് കിഫ്ബി തയ്യാറാക്കി നൽകിയ ഡ്രോൺ സർവ്വേ പ്രകാരമാണ് പദ്ധതി രേഖ തയ്യാറാക്കിയത്. 23 മീറ്റർ വീതിയിലാണ് റോഡ് വികസനം സാധ്യമാക്കുന്നത്. ഇരു വശങ്ങളിലുമായി 7.5 മീറ്റർ വീതിയിൽ റോഡുകൾ നിർമ്മിക്കും. 2.5 മീറ്റർ വീതിയിൽ മീഡിയന് ഇരു വശങ്ങളിലുമായി ആകെ 15 മീറ്റർ വീതിയിലാണ് റോഡുകൾ നിർമ്മിക്കുന്നത്. ഇതോടൊപ്പം 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഇരു വശങ്ങളിലുള്ള റോഡിനോട് ചേർന്ന് നിർമ്മക്കുമെന്ന് എംഎൽഎ അറിയിച്ചു. നടപ്പാതകൾ ടൈൽ വിരിച്ചും കൈവരികൾ നിർമ്മിച്ചും സുരക്ഷിതമാക്കും. നിലവിലുള്ള റോഡിനോട് ചേർന്നുള്ള ഇരു വശങ്ങളിലുള്ള സ്ഥലം പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരും.

പെരുമ്പാവൂർ മണ്ഡലത്തിൽ ഉൾപ്പെട്ട 14 ജംഗ്ഷനുകൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കും. ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്കും. ഇതൊടൊപ്പം 9 പാലങ്ങളും കലുങ്കുകളും വീതി കൂട്ടുകയും പുനർ നിർമ്മിക്കുകയോ ചെയ്യേണ്ടി വരും.

കിഫ്ബിയുടെ അംഗീകാരം കിട്ടിയതിന് ശേഷമാണ് സ്ഥലം ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കുന്നത്. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് കാലതാമസം വേണ്ടി വരുന്നതിനാൽ സുഗമമായ യാത്രക്കായി ആലുവ മൂന്നാർ റോഡ് ബി.എം ആൻഡ് ബി.സി ഉന്നത നിലവാരത്തിൽ നവീകരിക്കും. മൂന്ന് വർഷത്തെ ഗ്യാരണ്ടിയോടെയാണ് റോഡുകൾ പുനർ നിർമ്മിക്കുന്നത്. ഇതിന് 4 ( 1) വിജ്ഞാപനം പുറപ്പെടുവിക്കേണ്ടി വരും. അതിന്റെ പ്രാഥമിക നടപടിയുടെ ഭാഗമായി റോഡ് കടന്നു പോകുന്ന വില്ലേജുകളിലെ ഭൂമിയുടെ വില സംബന്ധിച്ച വിവരങ്ങൾ എംഎൽഎ യുടെ നിർദ്ദേശ പ്രകാരം പൊതുമരാമത്ത് വകുപ്പ് ശേഖരിച്ചു. അശമന്നൂർ, രായമംഗലം, പെരുമ്പാവൂർ, വെങ്ങോല, വാഴക്കുളം, കീഴ്മാട് ആലുവ വെസ്റ്റ്, ആലുവ ഈസ്റ്റ് എന്നീ വില്ലേജുകളിൽ ഉൾപ്പെട്ട ഭൂമി പദ്ധതിക്കായി വേണ്ടി വരും.

സമൂഹ്യാഘാത പഠനം നടത്തിയതിന് ശേഷമാകും ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കുന്നത്. ഈ റോഡ് ഏറ്റവും ഉന്നത നിലവാരത്തിൽ പുനർ നിർമ്മിക്കുന്നതിനും വെള്ളക്കെട്ട് ഉൾപ്പെടുന്ന പ്രദേശത്ത് റോഡ് ഉയർത്തി കാനകൾ നിർമ്മിക്കുന്നതിനും കൈവരികൾ സ്ഥാപിക്കുന്നതിനുമുള്ള 134 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി മുൻപ് കിഫ്ബിക്ക് സമർപ്പിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ രൂക്ഷമായ ഗതാഗത കുരുക്ക് കൂടി കണക്കിലെടുത്ത് പദ്ധതി നാല് വരി പാതയാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുവാൻ കിഫ്ബി നിർദ്ദേശിക്കുകയായിരുന്നു. ഇതേ തുടർന്ന് പൊതുമരാമത്ത് വകുപ്പാണ് വിശദമായ പദ്ധതി രേഖ തയ്യാറാക്കി കിഫ്ബിയിൽ സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *