ആഘോഷവും ആരവവും ഇല്ലാതെ ലളിതമായ നബിദിനാഘോഷം

സ്വന്തം ലേഖകൻ - - Leave a Comment

മൂവാറ്റുപുഴ>>>പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പതിറ്റാണ്ടുകളായി മുസ്ലിം മത വിശ്വാസികൾ ഏറെ ആഹ്ലാദത്തോടെ ആഘോഷിച്ചിരുന്ന നബിദിനം ഇക്കുറി കോ വിഡ് പശ്ചാത്തലത്തിൽ ആത്മീയ ചടങ്ങുകളിൽ ഒതുങ്ങുകയായിരുന്നു. മസ്ജിദുകളുടെയും, മദ്രസകളുടെയും, നേതൃത്വത്തിലാണ്  നബിദിനാഘോഷം നടന്നിരുന്നത്. പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും കുരുന്നുകൾ നടത്തുന്ന റാലികളായിരുന്നു നബിദിനാഘോഷത്തിൻ്റെ മുഖ്യ സവിശേഷതകളിലൊന്ന്. മസ്ജിദുകളും മദ്രസകളും കൊടി തോരണങ്ങൾ കൊണ്ട് അലങ്കരിക്കുകയും വർണാഭമായ റാലികളുമാണ്  എല്ലാ വർഷവും നടന്നിരുന്നത്. റാലിയിൽ അണിനിരക്കുന്ന കുട്ടികൾക്ക് മത സൗഹാർദ്ധത്തിൻ്റെ സന്ദേശം വിളിച്ചോതി വഴി നീളെ  മിഠായികളും, മധുര പലഹാരങ്ങളും, പാനിയങ്ങളും നൽകാൻ സമൂഹം ഒറ്റകെട്ടായി കാത്ത് നിൽക്കുമായിരുന്നു. റാലിക്ക് പുറമെ പ്രവാചക പ്രകീർത്തന സദസുകളും, മതസൗഹാർദ്ദ സമ്മേളനങ്ങളും കുട്ടികളുടെ കലാപരിപാടികളും അന്നദാനവും മുൻ വർഷങ്ങളിൽ സംഘടിപ്പിച്ചിരുന്നു. എന്നാൽ ആഘോഷങ്ങളും ആരവങ്ങളും ഇല്ലാത്ത നബിദിനത്തിനാണ് ഇക്കുറി സാക്ഷ്യം വഹിച്ചത്. കോ വിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചെറിയ തോതിലാണങ്കിലും മസ്ജിദുകളിലും മദ്രസകളിലും നബിദിനാഘോഷ ചടങ്ങുകൾ നടന്നു. ചില മദ്രസകളിൽ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ ഓൺലൈനായി നടത്തി.എല്ലാ വർഷവും ആഘോഷമായി നടക്കുന്ന അന്നദാനം ചിലയിടങ്ങളിൽ  ഭക്ഷണം പാകം ചെയ്ത് വീടുകളിൽ എത്തിച്ച് നൽകി. ആഴ്ചകളോളം നടത്തുന്ന തയ്യാറെടുപ്പുകൾക്ക് ശേഷം ആഘോഷമായി നടക്കുന്ന കലാപരിപാടികൾ ഇല്ലാതായതിൻ്റെയും, ഘോഷയാത്രക്കിടയിൽ ലഭിക്കുന്ന മിഠായികളും മധുര പലഹാരങ്ങളും ഇല്ലാതായതിൻ്റെ ദുഖത്തിലാണ് കുരുന്നുകൾ. നബിദിനത്തോടനുബന്ധിച്ച് കരിമുകൾ മമ്പാ ഉൽ ഉലൂമിൻ്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു. ഭക്ഷണ വിതരണോദ്ഘാടനം മുൻപായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എച്ച്.സിദ്ധീഖ് നിർവ്വഹിച്ചു. സുനി മേനമറ്റം നേതൃത്വം നൽകി.

ചിത്രം -നബിദിനത്തോടനുബന്ധിച്ച് കരിമുകൾ മമ്പാ ഉൽ ഉലൂമിൻ്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണ വിതരണോദ്ഘാടനം മുൻപായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എച്ച്.സിദ്ധീഖ് നിർവ്വഹിക്കുന്നു….

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *