ആകാശത്തും ഭൂമിയിലും മനുഷ്യർ കൈകോർത്തപ്പോൾ മജീദിന് ലഭിച്ചത് പുതു ജീവിതം

സ്വന്തം ലേഖകൻ -

കോതമംഗലം>>>ഇക്കഴിഞ്ഞ സെപ്റ്റംബർ ഇരുപത്തിന് ഷാർജയിൽ നിന്നും നാട്ടിലേക്കുള്ള വിമാനയാത്രയിലാണ് എടവനക്കാട് സ്വദേശി അബ്ദുൽ മജീദിന് സ്ട്രോക്ക് ബാധിച്ചത്.രാത്രി 8.45ന്എയർ അറേബ്യവിമാനം ഷാർജയിൽ നിന്ന് പറന്നുയർന്ന ഉടനെ  മജീദിന് വലതു കൈയിൽ അസ്സഹനീയമായ തരിപ്പ് തോന്നുകയും പതിയെ കൈ തളർന്നു സീറ്റിനിടയിലേക്ക് വീഴുകയും ചെയ്തു.എയർ ഹോസ്റ്റസിന്റെ സഹായത്തോടെ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും വലതു കാലും പതിയെ തളർന്നു തുടങ്ങിയിരുന്നു.ഷാർജയിൽ ക്ലിനിക്‌ നടത്തുന്ന കോഴിക്കോട് സ്വദേശി ഡോക്ടർ ആദിൽ യാത്രക്കാരനായി വിമാനത്തിൽ ഉണ്ടായിരുന്നു.മജീദിനെപരിശോദിച്ച ഡോക്ടർ, സ്ഥിതി ഗുരുതരമാണെന്ന് മനസിലാക്കി അടിയന്തിര ലാൻഡിംഗ് സാധ്യമാണോ എന്നു പൈലറ്റുമായി ചർച്ച ചെയ്യുകയും എന്നാൽ കോവിഡ് കാരണം അത് അസാധ്യമാണെന്നും പകരം പരമാവധി വേഗത്തിൽ കൊച്ചിയിൽ എത്തിക്കാമെന്നും പൈലറ്റ് വാക്ക് നൽകി.അങ്ങിനെ പതിവായി എടുക്കുന്ന 4 മണിക്കൂർ 20 മിനിറ്റിനു പകരം 3 മണിക്കൂർ 25 മിനിറ്റിൽ എയർ അറേബ്യ വിമാനം നെടുമ്പാശേരിയിൽ ഇറങ്ങി.ആംബുലൻസും ഡോക്ടരും റൺവെയിലേക്ക് പാഞ്ഞെത്തി.മജീദിനെ ആദ്യം കളമശ്ശേരി മെഡിക്കൽ കോളേജിലും പിന്നീട് ലിസി ആശുപത്രിയിലും എത്തിച്ചു.അപ്പോഴേക്കും വലതു വശം പൂർണമായും തളർന്നിരുന്നു.24 വർഷത്തെ പ്രവാസം കോവിഡിൽ അവസാനിച്ച്  നാട്ടിലേക്ക് തിരിച്ച മജീദിന് ഇരട്ട പ്രഹരമായിരുന്നു ഈ സ്ട്രോക്ക്.എടവനക്കാട്ടെ സുഹൃത്തുക്കൾ മുഖേനെയാണ് മജീദ് ആശുപത്രിയിൽ നിന്ന് തന്നെ പീസ് വാലിയുമായി ബന്ധപ്പെടുന്നതും  ഇടവേളയില്ലാതെ ചികിത്സ ആരംഭിച്ചാൽ തിരികെ ജീവിതത്തിലേക്ക് എത്താനുള്ള സാധ്യത ഉണ്ടെന്ന്  ഡോക്ടർമാർ പീസ് വാലി അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് വേഗത്തിൽ അഡ്മിഷൻ സാധ്യമായതും.പീസ് വാലിയിൽ ഒരു മാസത്തെ ചികിത്സയിലൂടെ മജീദ് ജീവിതത്തിലേക്ക് തിരികെ പ്രവേശിക്കുകയാണ്.പ്രവാസത്തിന്റെ ഒടുവിൽ മുറിയുടെ ചുവരുകൾക്കുള്ളിൽ ഒതുങ്ങി പോകുമായിരുന്ന തന്നെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചപീസ് വാലിക്ക് നന്ദി പറയുമ്പോൾ മജീദിന്റെ കണ്ണുകൾ നിറയുകയാണ്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →