കട്ടപ്പന :ഇടുക്കി ജില്ലയിലെ കട്ടപ്പന , കാഞ്ചിയാര്‍, വാത്തിക്കുടിലൈഫ് സമുച്ചയങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.അശരണരായ ജനങ്ങളുടെ ഉന്നമനവും സംരക്ഷണവും ലക്ഷ്യമിടുന്ന സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ലൈഫ് ഭവന സമുച്ചയങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 29 ലൈഫ് സമുച്ചയങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 181 കോടി 22 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന സമുച്ചയങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ഈ സമുച്ചയങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ 1285 കുടുംബങ്ങള്‍ക്ക് സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകും. സംസ്ഥാനത്ത് സ്വന്തമായി വീടില്ലാത്ത ആരും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ലൈഫ് പദ്ധതി പ്രഖ്യാപിച്ചത്. ഇതിന് നല്ല സഹകരണമാണ് ജനങ്ങളില്‍ നിന്നുണ്ടായത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ചു. ലൈഫിലടെ 2,26518 കുടുംബങ്ങള്‍ ഇതിനകം സ്വന്തം വീട്ടിലേയ്ക്ക് താമസം മാറ്റി. ഒന്നര ലക്ഷത്തോളം പേര്‍ക്ക് ഭവന നിര്‍മ്മാണം പുരോഗമിച്ചു വരുന്നു. ആരോപണങ്ങളില്‍ ഭയന്ന് സര്‍ക്കാര്‍ ജനോപകാര പദ്ധതികള്‍ ഉപേക്ഷിക്കില്ല. ലൈഫിന്റെ മൂന്ന് ഘട്ടങ്ങളിലും അപേക്ഷ നല്കാന്‍ സാധിക്കാതെയോ ഉള്‍പ്പെടാതെയോ പോയവരെ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ വീണ്ടും അപേക്ഷ നല്‍കാന്‍ അവസരം ഒരുക്കിയത്. സുതാര്യമായ രീതിയില്‍ ഗുണഭോക്തൃ പട്ടിക തയ്യാറാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. ഭവന നിര്‍മ്മാണമേഖലയില്‍ സ്വതന്ത്ര ഇന്ത്യയില്‍ ഒരു സംസ്ഥാനത്തു നടന്ന ബൃഹദ് പദ്ധതിയാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കള്‍, തുക, പൂര്‍ത്തീകരണ നടപടികള്‍ ഇവയെല്ലാം ലൈഫിന്റെ വെബ്‌സൈറ്റില്‍ യഥാസമയം അപ് ലോഡ് ചെയ്തു കൊണ്ട് ലൈഫ് മിഷന്‍ സുതാര്യമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി ഓണ്‍ലൈന്‍ മുഖേന പരിപാടിയില്‍ പങ്കെടുത്തു. ലൈഫ് മിഷന്‍ പദ്ധതി ലോകത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ആശംസകളര്‍പ്പിച്ചു. ഇടുക്കി ജില്ലയില്‍ കട്ടപ്പന , കാഞ്ചിയാര്‍, വാത്തിക്കുടി എന്നിവിടങ്ങളിലാണ് ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നത്. നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന ചടങ്ങിന് റോഷി അഗസ്റ്റിന്‍ എംഎല്‍എ ഓണ്‍ലൈനായി ആശംസകളര്‍പ്പിച്ചു. കട്ടപ്പന നഗരസഭയിലെ ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി നിര്‍വ്വഹിച്ചു. വെള്ളയാംകുടിയില്‍ നഗരസഭയുടെ കൈവശമുള്ള 50 സെന്റ് സ്ഥലത്ത് 44 കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന ഭവന സമുച്ചയമാണ് നിര്‍മിക്കുന്നത്. അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും വെള്ളയാംകുടിയിലെ സമുച്ചയത്തില്‍ താമസം ഒരുക്കാന്‍ സാധിക്കാത്തതിനാല്‍ പുളിയന്‍മലയില്‍ നഗരസഭയുടെ കൈവശമുള്ള ഒരേക്കര്‍ കൂടി ഭവനസമുച്ചയ നിര്‍മ്മാണത്തിന് വിട്ടുകൊടുക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. സ്ഥലം സ്വന്തമായുള്ള 1019 കുടുംബങ്ങള്‍ക്ക് നഗരസഭയില്‍ നിന്നും ഇതിനകം വീട് നല്കിയിട്ടുണ്ട്. ഇതിനായി 20.5 കോടി രൂപ നഗരസഭ ചെലവഴിച്ചു. അത്രയും തുക കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും നല്കിയിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിനോദത്തിനും വിജ്ഞാനത്തിനും മാനസിക ഉല്ലാസത്തിനും ഉള്ള കേന്ദ്രങ്ങള്‍, തൊഴില്‍ പരിശീലന കേന്ദ്രം തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് ഭവന സമുച്ചയം.പ്രകൃതി വിഭവങ്ങള്‍ പരമാവധി കുറച്ച് പ്രീഫാബ് ടെക്നോളജിയാണ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. കട്ടപ്പന നഗരസഭയില്‍ നടന്ന ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ടെസി ജോര്‍ജ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ലീലാമ്മ ഗോപിനാഥ്, ബെന്നി കല്ലൂപ്പുരയിടം, എമിലി ചാക്കോ, കൗണ്‍സിലര്‍ സണ്ണി ചെറിയാന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.ആര്‍. സജി, മനോജ് എം തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭാ കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാഞ്ചിയാർ പഞ്ചായത്തിലെ റവന്യൂ വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള വെങ്ങാലൂർക്കടയിലുള്ള സ്ഥലത്താണ് ഭവന സമുച്ചയം ഉയരുക.7.023 കോടി രൂപ നിർമ്മാണ ജോലികൾക്കായി വിനിയോഗിക്കും. കാഞ്ചിയാർ പള്ളിക്കവല വനിതാ സാംസ്ക്കാരിക നിലയത്തിൽ പ്രാദേശിക തിരി തെളിക്കൽ ചടങ്ങും ശിലാഫലക അനാഛാദന ചടങ്ങും നടന്നു.കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി ആർ ശശി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റോഷി അഗസ്റ്റിൻ എം എൽ എ വീഡിയോ കോൺഫറൻസിലൂടെ ചടങ്ങിൽ പങ്ക് ചേർന്നു.കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമാണ് കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ ലഭിച്ചിട്ടുള്ള ഭവന സമുച്ചയമെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ പ്രവീൺ മുഖ്യ പ്രഭാഷണം നടത്തി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആശാ ആൻ്റണി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കാഞ്ചിയാർ രാജൻ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സിറിയക് തോമസ്,ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ സാജു സെബാസ്റ്റ്യൻ, കാഞ്ചിയാർ ഗ്രാമപഞ്ചായത്തംഗങ്ങൾ, വിവിധ ഉദ്യോഗസ്ഥ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ മുരിക്കാശേരി ബസ് സ്റ്റാന്‍ഡ് ബില്‍ഡിംഗില്‍ സംഘടിപ്പിച്ച പ്രാദേശിക യോഗത്തില്‍ വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ രാജു ശിലാഫലകം അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിതാ സജീവ്, കെ.പി സുരേന്ദ്രന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ഉന്‍മേഷ് കെ ജോസ്, ഷാജി തോമസ്, ഷൈനി തോമസ്, വിവിധ രാഷ്ട്രീയ പ്രതിനിധികളായ കെ.എ അലി, എം.കെ പ്രീയന്‍, തോമസ് പുളിമൂട്ടില്‍, മുരിക്കാശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.എന്‍ ചന്ദ്രന്‍, തോപ്രാംകുടി സഹകരണ ബാങ്ക് പ്രസിഡന്റ് ഷൈന്‍ തോമസ്, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ് ഷാജി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.