അര്‍ജന്റീന x ബ്രസീല്‍ സ്വപ്‌ന ഫൈനല്‍

web-desk -

ബ്രസീലിയ>>> ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ മിന്നുന്ന പ്രകടനം അര്‍ജന്റീനയെ കോപ അമേരിക്ക ഫുട്ബോള്‍ ഫൈനലില്‍ എത്തിച്ചു. ഷൂട്ടൗട്ടില്‍ കൊളംബിയയെ 3 -2ന് തകര്‍ത്താണ് അര്‍ജന്റീനയുടെ ഫൈനല്‍ പ്രവേശം. നിശ്ചിത സമയത്ത് ഫലം 1-1 ആയിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ നടക്കുന്ന ഫൈനലില്‍ നിലവിലെ ചാന്പ്യന്‍മാരായ ബ്രസീലുമായാണ് കിരീടപ്പോരാട്ടം. ആവേശകരമായ സെമി പോരില്‍ അര്‍ജന്റീന ഗോള്‍ കീപ്പര്‍ മാര്‍ട്ടിനെസ് കൊളംബിയയുടെ മൂന്ന് പെനല്‍റ്റി കിക്കുകളാണ് തടുത്തിട്ടത്.

അര്‍ജന്റീനയ്ക്കായി ലയണല്‍ മെസി,ലിയാന്‍ഡ്രോ പരദേസ്, ലൗതാരോ മാര്‍ട്ടിനെസ് എന്നിവര്‍ കിക്ക് ലക്ഷ്യത്തിലെത്തിച്ചു. റോഡ്രിഗോ ഡി പോളിന്റെ കിക്ക് ബാറിന് മുകളിലൂടെ പറന്നു.

കളിയുടെ തുടക്കത്തില്‍തന്നെ അര്‍ജന്റീന ലൗതാരോ മാര്‍ട്ടിനെസിലൂടെ ലീഡ് നേടിയിരുന്നു. മെസിയാണ് അവസരമൊരുക്കിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ കൊളംബിയ തിരിച്ചടിച്ചു. ലൂയിസ് ഡയസ് കൊളംബിയക്കായി സമനില ഗോള്‍ നേടി. തുടര്‍ന്ന് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.