Type to search

അപ്രധാന വാർത്തകൾ

Kerala National


കെ.ജെ സാബു

കൊച്ചി >>>രാവിലെ എഴുന്നേറ്റ് ഇന്നലത്തെ പ്രധാന വാർത്തകൾ എന്തൊക്കെയാണ് എന്നറിയാൻ നമ്മൾ ഏതെങ്കിലുമൊരു ദിനപത്രം തുറന്നാൽ, രാത്രി ഉറങ്ങും മുൻപെ ഇന്നത്തെ പ്രധാന വാർത്തകൾ എന്തൊക്കെയാണ് എന്നറിയാൻ ഒരു വാർത്താ ചാനൽ തുറന്നാൽ എന്തൊക്കെയാവും കാണുക ?ഭരണ പക്ഷത്തിനെതിരെ പ്രതിപക്ഷത്തെ നാലഞ്ചു നേതാക്കൾ നടത്തിയ ആരോപണങ്ങൾ ആണ് പ്രധാനമായും കാണുക. അതിനു പിന്നാലെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെയെല്ലാം തള്ളിക്കളഞ്ഞു കൊണ്ട് ഭരണ പക്ഷത്തെ നാലഞ്ചു നേതാക്കൾ നടത്തുന്ന പ്രത്യാരോപണങ്ങളും കാണാം.കുറെക്കാലമായി മലയാളത്തിലെ മുൻനിര മാധ്യമങ്ങൾ പുലർത്തുന്ന വാർത്താ വിന്യാസരീതിയാണിത്. വാർത്ത വിളമ്പുന്നവരും ഉണ്ണുന്നവരും ഈ രുചി ഒരു തഴക്കദോഷം പോലെ ഉൾക്കൊണ്ടു കഴിഞ്ഞു എന്നാണ് മനസ്സിലാകുന്നത്.മൂന്നരക്കോടിയിലേറെ മനുഷ്യന്മാർ അതിന്റെ എത്രയോ ഇരട്ടി ജീവജാലങ്ങൾ, കാടുകൾ മേടുകൾ, പുഴകൾ ജലാശയങ്ങൾ കൊണ്ടൊക്കെ നിറഞ്ഞു കവിഞ്ഞ ഒരു ഭൂപ്രദേശത്തെയാണ് നമ്മൾ കേരളം എന്ന് പറയുന്നത്. ഈ ഭൂപ്രദേശത്തെ ഏറ്റവും പ്രധാന വാർത്ത ഈ പറഞ്ഞ നാലും നാലും എട്ട് രാഷ്ട്രീയക്കാരുടെ ആരോപണ പ്രത്യാരോപണങ്ങൾ മാത്രമാണ് എന്നു വരുന്നത് മലയാളത്തിന്റെ വല്ലാത്തൊരു ഗതികേടു തന്നെയാണ്.വടക്കും കിഴക്കും പടിഞ്ഞാറും തെക്കും എന്ന തലതിരിത്തൊരു ഘടനയാണ് വാർത്തയുടെ  ന്യൂസ് (NEWS ) എന്ന ആംഗലേയ പ്രയോഗത്തിനുള്ളത്. മലയാളത്തിൽ നമ്മൾ തെക്കുവടക്ക് എന്നും കിഴക്ക് പടിഞ്ഞാറ് എന്നുമാണല്ലൊ പറയുക. സായിപ്പ് ഇങ്ങനെയാണ് ന്യൂസ് എന്നെഴുതുന്നതെങ്കിലും ന്യൂസ് അവതരിപ്പിക്കുന്നത് നേരെ ചൊവ്വെ ആണ് . നമ്മളാവട്ടെ നേരെ തിരിച്ചും ,വളച്ചും , ഒടിച്ചും ഒക്കെയാണെന്നു മാത്രം. ഉദാഹരണമായി. ഒരു കാര്യം മാത്രം എടുക്കാം. മൂന്നരക്കോടിയിൽപ്പരം വരുന്ന മലയാളികളെ , ഇവിടെയുള്ള അതിഥി തൊഴിലാളികളെ ഒക്കെ  കാത്തു പരിപാലിക്കുന്ന ഒരു സേനയാണ് കേരള പോലീസ് . കേരളത്തിൽ ഏതാണ്ട് അൻപതിനായിരത്തോളം പോലീസുകാർ കാണും. മന്ത്രിമാർക്കും വി ഐ പി കൾക്കും എസ്കോർട്ടു മുതൽ ഏതെങ്കിലുമൊരുവൻ കെട്ടിത്തൂങ്ങി പരലോക പ്രവേശം നേടിയാൽ ആ ദേഹത്തിന് പാറാവു നിൽക്കാൻ വരെ പോലീസു വേണം. സമരക്കാരെ കുളിപ്പിക്കണം , പെരുമഴയത്തും പൊരി വെയിലത്തും റോഡിൽ ഗതാഗതക്കുരുക്ക് തീർക്കണം. കേരളം സ്ഥാപിച്ച കാലം മുതലുള്ള സകല കേസുകെട്ടുകളും അന്വേഷിച്ച് പ്രതികളെ പിടി കൂടണം. കള്ളൻമാർ , ചീട്ടുകളിക്കാർ , കഞ്ചാവ് കച്ചവടക്കാർ , പെൺ വാണിഭക്കാർ ,ഗുണ്ടാ സംഘങ്ങൾ വരെ പൊക്കണം. ദൈവം തമ്പുരാനു തന്നെ തിട്ടമില്ലാത്ത അത്ര എണ്ണം വരുന്ന പള്ളികളിലെയും അമ്പലങ്ങളിലെയും എണ്ണിയാലൊടുങ്ങാത്ത അത്ര പെരുന്നാളുകൾ ഉത്സവങ്ങൾ ഒക്കെ അകമ്പടി നിന്ന് നടത്തിക്കൊടുക്കണം. കോടതിയുടെ വാറന്റു കിട്ടിയിട്ടും മുങ്ങി നടക്കുന്നവന്മാരെ വീടുവളഞ്ഞ് തൂക്കിയെടുക്കണം. എന്തിനു ഏറെ പറയുന്നു, കോവി ഡ് രോഗികളുടെ സഞ്ചാരപഥങ്ങൾ തേടി അലയൽ വരെയും ഇപ്പോൾ പോലീസിന്റെ പണിയാണ്.കഴിഞ്ഞ ദിവസത്തെ ഒരു പ്രധാന വാർത്ത നിയമം ലംഘിച്ച് ഹെൽമറ്റില്ലാതെ യാത്ര ചെയ്ത ഒരു ബൈക്ക് യാത്രക്കാരനെ ഒരു എസ് ഐ നിയമം ലംഘിച്ച് തല്ലി എന്നതായിരുന്നു.ആഭ്യന്തര വകുപ്പുമന്ത്രി രാജി വയ്ക്കണമെന്നായിരുന്നു പ്രധാന പ്രതിപക്ഷത്തിന്റെയും അപ്രധാന പ്രതിപക്ഷത്തിന്റെയും ആവശ്യം’എന്തായിരുന്നു ഈ സംഭവത്തിലെ പ്രധാന വാർത്ത ?തുടർച്ചയായി മൂന്നും നാലും ഡ്യൂട്ടി ചെയ്യാൻ നിർബന്ധിക്കപ്പെടുന്ന പോലിസുകാർക്ക് ശാരീരികവും മാനസികവും ആയി അത്ര നല്ല ആരോഗ്യമില്ല എന്നതാണ് ഈ സംഭവത്തിലെ പ്രധാന വാർത്ത.അപര്യാപ്തവും ദുർബലവും ആയി നമ്മുടെ പോലീസ് സേന മാറുന്നു എന്ന പ്രധാനവാർത്ത തമസ്കരിക്കപ്പെടുമ്പോൾ കുറ്റം ചെയ്ത എസ് ഐ ക്ക് ഒരു സ്ഥലം മാറ്റം ഉണ്ടാകുന്നു  എന്നൊരു ഗുണം ഉണ്ടാകുന്നു. മറിച്ചായിരുന്നുവെങ്കിൽ പോലിസ് സേനയിൽ ഗുണപരമായ ഒരു മാറ്റത്തിനുള്ള ചർച്ചയ്ക്കെങ്കിലും തുടക്കമാകുമായിരുന്നു.പോലീസ് ഞങ്ങൾക്ക് പുല്ലാണ് എന്ന് അലറുന്നത് കേൾക്കാൻ നല്ല രസമാണ്.രാവും പകലും നമുക്ക് കാവൽ നിൽക്കുന്നവരെ പുല്ലു പോലെ കരുതുന്ന ഒരു സമൂഹത്തിന് ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാൻ വലിയ അവകാശം ഒന്നുമില്ല. അപ്രധാനമായ കാര്യങ്ങൾ പ്രധാന വാർത്തകൾ ആക്കുന്ന മാധ്യമ രീതികളും ജനാധിപത്യ സംവിധാനത്തിന് കേടു വരുത്തുകയേ ഉള്ളൂ എന്ന് പറയേണ്ടിവരും.

Tags:

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.