LOADING

Type to search

അധികൃതരുടെ അനാസ്ഥ: ജൈവമാലിന്യ സംസ്കരണ വൈദ്യുതോല്‍പാദന യൂണിറ്റ് അനാഥം

Ernakulam Kothamangalam Muvattupuzha News Panchayath Pothanicadu

പോത്താനിക്കാട് >>> പൈങ്ങോട്ടൂര്‍ ടൗണിലെ ജൈവമാലിന്യ സംസ്കരണ വൈദ്യുതോല്‍പാദനയൂണിറ്റ് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥമൂലം അനാഥമായിട്ട് 7 വര്‍ഷം പിന്നിട്ടു. 12 വര്‍ഷം മുമ്പ് ബയോടെക്കിന്‍റെ സഹകരണത്തോടെ ജില്ലാ പഞ്ചായത്തും പൈങ്ങോട്ടൂര്‍ പഞ്ചായത്തും സംയുക്തമായി സ്ഥാപിച്ച പ്ലാന്‍റാണിത്. 18 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ഇവിടെ പൈങ്ങോട്ടൂരിലേയും പരിസരങ്ങളിലേയും ജൈവമാലിന്യങ്ങള്‍ സംസ്കരിച്ച് വൈദ്യുതി ഉല്‍പാദിപ്പിച്ച് ടൗണിലെ മുപ്പതോളം തെരുവിളക്കുകള്‍ പ്രകാശിപ്പിക്കുക എന്നതായിരുന്ന ലക്ഷ്യം.

ആദ്യത്തെ അഞ്ചുവര്‍ഷം നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നു. അതിനുശേഷം അന്നത്തെ പ്ലാന്‍റ് ഓപ്പറേറ്റര്‍ മരണപ്പെട്ടതിനെതുടര്‍ന്നാണത്രേ പ്ലാന്‍റ് അനാഥമായത്.
പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം മുടങ്ങിയതുമുതല്‍ ടൗണിലെ മത്സ്യമാംസ്യമാര്‍ക്കറ്റുകളിലേയും വ്യാപാരസ്ഥാപനങ്ങളിലേയും അവശിഷ്ടങ്ങള്‍ വിജനമായ സ്ഥലങ്ങളിലും ഓടകളിലുമാണത്രെ പലരും നിക്ഷേപിക്കുന്നത്. ഇതുമൂലം അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന പൈങ്ങോട്ടൂര്‍ ടൗണിന്‍റെ പലഭാഗങ്ങളിലും ദുര്‍ഗന്ധംമൂലം മൂക്കുപൊത്തി നടക്കേണ്ട സാഹചര്യമാണിപ്പോള്‍.
യോഗ്യതയുള്ള ഒരു പ്ലാന്‍റ് ഓപ്പറേറ്ററെ എത്രയും വേഗം നിയമിച്ച് യൂണിറ്റിന്‍റെ പ്രവര്‍ത്തനം പുനരാരംഭിക്കാത്തപക്ഷം പ്രത്യക്ഷസമരപരിപാടികള്‍ ആരംഭിക്കുമെന്ന് വിവിധ സംഘടനകളുടെ ഭാരവാഹികള്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.