Type to search

അതി ജീവനത്തിന്റെ കഥകൾ പറയാൻ മിനിയുണ്ട് കുറ്റിപ്പുഴയിൽ

Uncategorized

 ഏബിൾ. സി. അലക്സ്‌ 

കൊച്ചി: വീഴ്ചയിൽ പതറാതെ, കുറവുകളിൽ സങ്കടപെടാതെ ലോകത്തിനു മുന്നിൽ ജയിച്ചു ജീവിക്കുന്ന ചില മനുഷ്യർ ഇന്ന്‌ ഈ ലോകത്തുണ്ട് അങ്ങനെയുള്ള  ഒരാളാണ്  മാഞ്ഞാലി  കുറ്റിപ്പുഴ പുതുശേരിയിൽ മിനി.ഇരുപത്തഞ്ചു വർഷമായി വീൽ ചെയറിൽ കഴിയുന്ന മിനി,ഇപ്പോൾ  ഉപജീവനത്തിനായി പേപ്പർ സീഡ് പേനകൾ ഉണ്ടാക്കി വിൽക്കുന്നു. റീഫിൽ മാത്രം പ്ലാസ്റ്റിക്ക് ആയ, ബാക്കി ഭാഗങ്ങൾ കടലാസ്സ് കൊണ്ട് നിർമിച്ചവയാണ് ഈ പേനകൾ . ചുവട്ടിൽ വിത്തുകൾ കൂടി അടക്കം ചെയ്തിട്ടുള്ള പ്രകൃതി സൗഹൃദ പേപ്പർ പേനകൾ ആണ് മിനി നിർമ്മിക്കുന്നത്. ഉപയോഗം കഴിഞ്ഞു മണ്ണിൽ എത്തിയാൽ, ഭൂമിക്ക് തണലൊരുക്കുവാൻ കഴിയുന്ന  വിത്തുകൾ മുളച്ചു കുഞ്ഞു തൈകൾ പ്രകൃതിയിലേക്ക് നൽകുന്നവയാണ് ഈ പരിസ്ഥിതി സൗഹാർദ്ദ പേപ്പർ പേനകൾ.  വർണ്ണ മനോഹരമായ  ക്രാഫ്റ്റ് പേപ്പർ കൊണ്ട് നിർമിക്കുന്നവയ്ക്ക് 8 രൂപ ആണ് വില. 

ആവശ്യക്കാർക്ക് ജന്മ ദിനാശംസകൾ, വിവാഹ ആശംസകൾ, സ്ഥാപനങ്ങളുടെ പേരുകൾ, സമ്മേളനങ്ങളുടെ പേരുകൾ ഒക്കെ മനോഹരമായി പ്രിന്റ് ചെയ്തു സ്റ്റിക്കർ ആക്കി ഒട്ടിച്ചും പേനകൾ നൽകുന്നുണ്ട് മിനി.ജീവിതത്തെ ജീവിതം കൊണ്ട് തോൽപിച്ച ആളാണ് കുറ്റിപ്പുഴ പുതുശേരിയിൽ ചക്കപ്പന്റെ 5 മക്കളിൽ രണ്ടാമത്തെ മകളായ  മിനി. 4 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ  ആണ് മിനിക്ക് റുമറ്റോയ്ഡ് അത്രയിറ്റിസ് (rheumatoid arthritis)എന്നാ സന്ധിവാത രോഗം പിടിപെടുന്നത്. കേവലം 9 വയസു മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയുടെ ജീവിത  സ്വപ്നങ്ങൾക്ക് ഏറ്റ ഒരു പ്രഹരം ആയിരുന്നു അത്‌. ഒരു പാട് ചികിത്സകൾ നടത്തി. ഫലം കണ്ടില്ല. കാലിന്റെ വേദന കൂടി കൂടി വന്നു. എല്ലുകൾക്ക് ബലക്ഷയം സംഭവിച്ചു. നിൽക്കുവാനോ, നടക്കുവാനോ കഴിയാത്ത അവസ്ഥ. അങ്ങനെ മിനിയുടെ ജീവിതം വീൽ ചെയറിൽ ആയി. വീടിന്റെ 4 ചുവരുകൾക്കുള്ളിൽ തളക്കപ്പെട്ട മിനി ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. പേപ്പർ പേനകൾ ഉണ്ടാക്കുന്നതിന് മുൻപേ ഫാൻസി ആഭരണങ്ങൾ വീട്ടിൽ ഇരുന്നു നിർമിച്ചു വില്പനയായിരുന്നു മിനിക്ക്. എന്നാൽ 2018 ലെ മഹാ പ്രളയം മിനിക്ക് കനത്ത പ്രഹരം നൽകി. മിനിയുടെ വീട്‌ ഉൾപ്പെടെ വെള്ളത്തിൽ മുങ്ങി. ഫാൻസി ആഭരണങ്ങൾ ഉണ്ടാക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾ എല്ലാം പ്രളയത്തിൽ ഒലിച്ചു പോയി. അതോടൊപ്പം താൻ ഉണ്ടാക്കി വച്ച 5000 പേപ്പർ പേനകളും. എന്നാൽ കുടുംബശ്രീ യുടെ ചെറിയ സഹായം കൊണ്ട് ഇപ്പോൾ വീണ്ടും പേപ്പർ പേനകൾ ഉണ്ടാക്കി വിൽക്കുന്നു.

പേനകൾ ഉണ്ടാക്കുന്നതിനു പുറമെ കുട നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം എന്നിവ കൂടിയുണ്ട് ഈ ഭിന്നശേഷികരിക്ക്. വിരസത അകറ്റാൻ ബോട്ടിൽ ആർട്ടും, ചിത്ര രചനയും.  അതെ മിനി ജീവിതത്തോട് പടവെട്ടുകയാണ് പൊരുതി ജയിക്കാൻ. പ്രതിസന്ധികളിൽ തളർന്നു പോകുന്നവർക്കുള്ള ഉദാത്ത  മാതൃകയാണ് ഈ 42കാരി.

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.