അഡ്‌മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം,​ 12 മണിക്കൂര്‍ നിരാഹാര സമരവുമായി ലക്ഷദ്വീപിലെ ജനങ്ങള്‍

സ്വന്തം ലേഖകൻ -

തിരുവനന്തപുരം >>> അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന് എതിരായ പ്രതിഷേധം കടുപ്പിച്ച്‌ ലക്ഷദ്വീപ് ജനത. അഡ്മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കണം എന്നാവശ്യപ്പെട്ട് ജൂണ്‍ ഏഴിന് നിരാഹാര സമരം നടത്തുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം അറിയിച്ചു. 12മണിക്കൂര്‍ നിരാഹാര സമരമാണ് നടത്തുന്നത്.

അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ സമരം തുടരാനും കൊച്ചിയില്‍ ചേര്‍ന്ന സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആദ്യ യോഗത്തില്‍ തീരുമാനമായി. എല്ലാ ദ്വീപുകളിലും സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ഉപ കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

അതേസമയം, ലക്ഷദ്വീപിലേക്ക് യാത്രാനുമതി നല്‍കണം എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കും കവരത്തി അഡീഷണല്‍ ഡിസ്ട്രിക്‌ട് മജിസ്ട്രേറ്റിനും കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കത്ത് നല്‍കി. ഇടതുപക്ഷ എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടന്‍, എം. വി. ശ്രേയാംസ് കുമാര്‍, ഡോ. വി ശിവദാസന്‍, കെ സോമപ്രസാദ്, എ എം ആരിഫ്, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ ലക്ഷദ്വീപ് സന്ദര്‍ശിക്കുമെന്ന് എളമര കരീം എം പി അറിയിച്ചു. അനുമതി നല്‍കിയില്ലെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും ഏളമരം കരീം പറഞ്ഞു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →