LOADING

Type to search

അടിമൂത്തു;ഏഷ്യാനെറ്റ്‌ ന്യൂസും 24 ന്യൂസ്‌ ചാനലും നേർക്കുനേർ പോര്‌, വിനുവിനെതിരെ ശ്രീകണ്‌ഠൻ നായർ

journalist Kerala News

കൊച്ചി>>മലയാളം വാർത്താ ചാനലുകളായ ഏഷ്യാനെറ്റ്‌ ന്യൂസും 24 ന്യൂസും തമ്മിലുള്ള പോര്‌ പുതിയ തലത്തിലേക്ക്‌,റേറ്റിങിൽ ഒന്നാമതെത്താനുള്ള മത്സരത്തിന്‌ പുറമേയാണിത് മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ടാണ്‌ ഇരു ചാനലുകളും തമ്മിൽ പുതിയ തർക്കങ്ങൾ തുടങ്ങിയിരിക്കുന്നത്‌.

മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ 24 ന്യൂസിലെ സഹിന്‍ ആന്റണിയ്ക്കും കുടുംബത്തിനുമെതിരായ അവതാരകൻ വിനു വി ജോണിന്റേയും റോയ്‌ മാത്യുവിന്റെയും അധിക്ഷേപമാണ്‌ വലിയ വിവാദമായിരിക്കുന്നത്‌.
സഹിന്‍ ആന്റണിയും മോന്‍സൻ മാവുങ്കലും ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതും കേക്ക് മുറിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നടന്ന ചാനല്‍ ചര്‍ച്ചയിലാണ്‌ സംഭവം.
വെള്ളിയാഴ്‌ചത്തെ ന്യൂസ് അവര്‍ ചര്‍ച്ചയ്‌ക്കെതിരെ 24 ന്യൂസ് മേധാവി ശ്രീകണ്‌ഠന്‍ നായര്‍ ചാനൽ ലൈവിൽ രൂക്ഷമായി പ്രതികരിച്ചു.
ഇന്ത്യയില്‍ നിലവിലിരിക്കുന്ന ഒരു നിയമവ്യവസ്ഥയും അംഗീകരിക്കാത്ത പരാമര്‍ശമാണ് ന്യൂസ് അവറിലുണ്ടായതെന്ന് ശ്രീകണ്‌ഠന്‍ നായര്‍ പറഞ്ഞു.
ന്യൂസ് അവറിന്റെ അവതാരകന്‍ എന്ന് പറയുന്ന വിനു വി ജോണ്‍ എന്ന് പറയുന്ന ആള്‍, ന്യൂസ് അവറിലിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നാക്ക് എന്ത് പറയുമെന്ന് ഒരു മാനേജ്‌മെന്റിനും വിശ്വസിക്കാന്‍ പറ്റില്ല, ആ തരത്തിലാണ് അദ്ദേഹം പറയുക – ശ്രീകണ്‌ഠന്‍ നായര്‍ പറഞ്ഞു.

ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് സഹിന്‍ ആന്റണിയുടെ ഭാര്യ അഡ്വ. മനീഷ രാധാകൃഷ്‌ണന്‍ ചാനലിൽ പറഞ്ഞു.അഭിഭാഷകയെന്ന നിലയില്‍ പരാതിയുമായി ഏതറ്റം വരെയും പോകുമെന്നും, ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും മനീഷ പറഞ്ഞു.മകളുടെ പിറന്നാള്‍ ആഘോഷം എന്ന പേരില്‍ പ്രചരിച്ച ദൃശ്യം എന്റെ മകളുടെ പിറന്നാള്‍ ആഘോഷമല്ല. പ്രവാസി മലയാളി ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ആനുവൽ മീറ്റ് ജനുവരിയില്‍ ബോള്‍ഗാട്ടിയില്‍ വച്ച് സംഘടിപ്പിച്ചിരുന്നു. എന്റെ ഭര്‍ത്താവും മാധ്യമപ്രവര്‍ത്തകനുമായ സഹിന്‍ ആന്റണിയെ ആദരിക്കുന്ന ചടങ്ങായിരുന്നു അവിടെ നടന്നത്. ആ ദിവസം സഹിന്‍ ആന്റണിയുടെ പിറന്നാള്‍ കൂടിയായിരുന്നു. ചടങ്ങിന്റെ അവതാരക അപ്രതീക്ഷിതമായി പിറന്നാളിന്റെ കാര്യം സ്റ്റേജില്‍ അനൗണ്‍സ് ചെയ്യുകയും, സഹിന്റെ പിറന്നാള്‍ അവിടെ വച്ച് ആഘോഷിക്കാന്‍ പോവുകയാണെന്നും അനൗണ്‍സ് ചെയ്‌തു. അങ്ങനെയാണ് അവിടെ വച്ച് കേക്ക് മുറിക്കുന്നത്. വേദിയില്‍ കേക്ക് കണ്ടപ്പോള്‍ തങ്ങളുടെ മകള്‍ അവിടേക്ക് ഓടിക്കയറുകയായിരുന്നുവെന്നും മനീഷ കൂട്ടിച്ചേര്‍ത്തു.
തന്റെ കുട്ടിയുടെ പിറന്നാള്‍ ആഘോഷമെന്ന നിലയില്‍ കുട്ടിയുടെ മുഖം വ്യക്തമാകുന്ന രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയെല്ലാം ജൂവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം പൊലീസില്‍ പരാതി നല്‍കി. ബാലാവകാശ കമ്മീഷനിലും, വനിതാ കമ്മീഷനിലും പരാതി നല്‍കുമെന്നും മനീഷ പറഞ്ഞു.
അതേസമയം പരാമര്‍ശത്തില്‍ ഫെയ്‌സ്‌ബുക്കിലൂടെ ഖേദം പ്രകടിപ്പിച്ച് റോയ് മാത്യു രംഗത്തെത്തി. പരാമര്‍ശം നാക്ക് പിഴയായിരുന്നെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും റോയ് മാത്യു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.