കോതമംഗലം >>>നന്മ ചെയ്യുന്നതിൽ ഒട്ടും പിശുക്കു കാണിക്കാത്ത ഒരു ശുഭ്ര വസ്ത്രധാരിയുണ്ട് കുറുപ്പംപടിയിൽ . കുപ്പായം പോലെ വെണ്മ നിറഞ്ഞ ഒരു മനസിന്റെ ഉടമ അതാണ് ഡീക്കൺ ടോണി മേതല. കരുണ കുറഞ്ഞ ഈ ലോകത്ത് , കരുണയുടെ വറ്റാത്ത നീരുറവയാകുകയാണ് ടോണി. ഇ ദ്ദേഹത്തിന് സ്വന്തമായി വരുമാനമൊന്നുമില്ല എങ്കിലും പട്ടിണിയാണെന്നു കേൾക്കുമ്പോൾ സഹായത്തിനു ഓടിയെത്തുന്ന ആളാണ് എഴുത്തുകാരനും, സാമൂഹ്യപ്രവർത്തകനുമായ വെള്ളക്കുപ്പായധാരിയായ ഈ പുരോഹിതൻ. സ്ത്രി, പുരുഷ വേർതിരിവ് ഇല്ലാതെ വലിയവനായാലും ചെറിയവനായാലും ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യനായാലും മുഖം നോക്കാതെ ഏത് ശത്രുവിനെയും മിത്രമാക്കിക്കൊണ്ട് അവരുടെ കഷ്ടതയിൽ ഓടിയെത്തി സഹായിക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിന്റേത് .വേദ പുസ്തകത്തിൽ വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ പറഞ്ഞിരിക്കുന്നതുപോലെ “ഞാനോ നിങ്ങളോട് പറയുന്നത് നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ, നിങ്ങളെ ഉപദ്രവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിപ്പിൻ ഈ വേദ വാക്യം പോലെ തന്നെയാണ് ഡീക്കൻ ടോണി മേതലയുടെയും ജീവിത പ്രവർത്തികൾ. അദ്ദേഹം എല്ലാവരെയും സ്നേഹിക്കുന്നു. കഷ്ടപ്പെടുന്നവരെ സഹായിച്ചാൽ ദൈവത്തിൽ നിന്ന് അതിന്റെ പ്രതിഫലം ലഭിക്കും എന്നു വിശ്വസിക്കുന്നയാളാണിദ്ദേഹം. അദ്ദേഹം ചെയ്യുന്ന നല്ല പ്രവർത്തനങ്ങളെ മാനിച്ച് അദ്ദേഹത്തെയും പലരും സഹായിക്കുന്നുണ്ട്. അത് ഏതെങ്കിലും പാവപ്പെട്ട യോഗ്യതയുള്ളവർക്ക് അപ്പോൾ തന്നെ കൊടുക്കുകയും ചെയ്യുന്നു. ഏത് രാഷ്ട്രീയ വിഭാഗക്കാരെയും ഏത് മതവിഭാഗക്കാരെയും തന്റെ സ്വന്തം സഹോദരനും സഹോദരിയുമായിക്കാണുവാൻ കഴിയുന്നത് ഈ ശേമ്മ ശന്റെ ഒരു പ്രത്യേക കഴിവ് തന്നെയാണ്. ഡീക്കൻ ടോണി ഒരു ജനപ്രതിനിധിയല്ലെങ്കിലും മറ്റുള്ളവരെ സ്നേഹിക്കുവാനും ബഹുമാനിക്കുവാനും അദ്ദേഹം എപ്പോഴും ശ്രമിക്കാറുണ്ട് . അധികവും സ്കൂട്ടറിലാണ് ഇദ്ദേഹത്തിന്റെ യാത്ര . പാവപ്പെട്ടവരെ കണ്ടുകഴിയുമ്പോൾ അവരുടെ സ്നേഹം കാണുമ്പോൾ നിർത്തി സന്തോഷം പങ്കുവെച്ചാണ് പിരിയുന്നത്. ചെറുപ്പം മുതൽ കഷ്ടപ്പാടുകൾ അറിഞ്ഞു വളർന്ന വ്യക്തിയാണ് അദ്ദേഹം. അതിനാൽ മറ്റുള്ളവരെ സഹായിക്കുന്നതിനും ബഹുമാനിക്കുന്നതിനും കഴിയും. നന്മ ചെയ്യുന്നതിൽ ഒട്ടും കുറവ് കാണിക്കരുത് എന്ന ചിന്താഗതിക്കാരനാണ് അദ്ദേഹം. പലരും നേരിട്ടും ഫോണിലും ബന്ധപ്പെട്ട് അവരുടെ ബലഹീനതകളും ബുദ്ധിമുട്ടുകളും പറയുമ്പോൾ അവരോടുള്ള സൗമ്യമായ, സ്നേഹമായ, ഇടപെടൽ, ആശ്വാസ വാക്കുകൾ ഏത് അസ്വസ്ഥതയുള്ളവർക്കും ആശ്വാസം പകരുന്നവയാണ്. ഇതോടൊപ്പം ഇന്ന് വിവിധ പ്രസ്ഥാനങ്ങളുടെ ചുമതലകൾകൂടി വഹിക്കുന്നുണ്ട് അദ്ദേഹം. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ കമ്മിറ്റി മെമ്പർ, സഭാ ഭക്ത സംഘടനയുടെ പ്രവർത്തനങ്ങൾ, സുവിശേഷപ്രവർത്തകൻ, ഇതിലെല്ലാമുപരിയായി നല്ലൊരു എഴുത്തുകാരൻ കൂടിയാണ്.ഇപ്പോൾ നാല്പത്തിമൂന്നു പുസ്തകങ്ങൾ, ആയിരത്തിലധികം ലേഖനങ്ങൾ, നാല്പതോളം പാട്ടുകൾ , പാട്ട് ആൽബങ്ങൾ, കവിതകൾ, കഥകൾ, ചരിത്രാന്വേഷി തുടങ്ങിയിട്ടുള്ള ഒരു വലിയ മനസ്സിന്റെ ഉടമയാണ് അദ്ദേഹം. കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ യൽദോ മോർ ബസേലിയോസ് ബാവായുടെ ജനനം മുതൽ മരണം വരെയും തുടർന്ന് നടക്കുന്ന അത്ഭുതങ്ങൾ, വഴിപാടുകൾ എല്ലാം ഒരു ചരിത്രപുസ്തകമാക്കി എഴുതിയിട്ടുണ്ട്. അതൊരു സിനിമയാക്കുന്നതിന് പണം മുടക്കുവാൻ ആരെങ്കിലും തയ്യാറായി മുന്നോട്ട് വന്നാൽ അതിനും തിരക്കഥ പോലും തയ്യാറാക്കി വെച്ചിട്ടുണ്ട്. “കുടുംബ ജീവിതം യേശു ക്രിസ്തുവിലൂടെ” എന്നതാണ് ആദ്യപുസ്തകം. ഇന്നും എഴുതിക്കൊണ്ടിരിക്കുന്നു. ഒരു ലാഭവും പ്രതീക്ഷിച്ചല്ല, ജനങ്ങൾ നന്മയിലേക്ക് കടന്നു വരുന്നതിന് വേണ്ടിയാണിത്. ഒട്ടനവധി സമ്മാനങ്ങളും ആദരവുകളും കിട്ടിയിട്ടുണ്ട്.കോവിഡ് 19 മൂലമുള്ള ഈ ലോക്ഡൗൺ കാലത്ത് വളരെയേറെപേർക്ക് സാമ്പത്തിക സഹായങ്ങൾ, മാസ്കുകൾ, സാനിറ്റേസർ തുടങ്ങിയവ ഇദ്ദേഹം നൽകി. വീട്ടിൽ ഇരിക്കാതെയായിട്ടു വർഷങ്ങളായി. എന്നാൽ, ഈ ലോക്ഡൗൺ കാലത്താണ് ഭാര്യയോടും മക്കളോടുമൊപ്പം ഒരുമിച്ചിരുന്ന് സംസാരിക്കുവാനും, പ്രാർത്ഥിക്കുവാനും, ഭക്ഷണം കഴിക്കുവാനും കഴിഞ്ഞത് എന്ന് ഡീക്കൻ പറഞ്ഞു. മാത്രമല്ല ഇദ്ദേഹത്തിന്റെ മേതലയിലെ വീട്ടിൽ കുറച്ച് പച്ചക്കറികൃഷികൾ ചെയ്യുവാനും കഴിഞ്ഞു എന്നും പറഞ്ഞു വെച്ചു. 2007 ഏപ്രിൽ 28 നാണ് യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായിൽ നിന്ന് പുത്തൻകുരിശ് സെന്റ്.അത്താനാസിയോസ് കത്തീഡ്രൽ പള്ളിയിൽ വെച്ച് കോറൂയോ ശെമ്മാശ്ശ പട്ടം സ്വികരിച്ചത്. അങ്ങനെ ആത്മീയതയിൽത്തന്നെ ഭൗതികമായും പല നല്ല കാര്യങ്ങളും ചെയ്യുവാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. നല്ലൊരു കലാസ്നേഹികൂടിയാണ് .കുറുപ്പംപടി അടുത്ത് മേതലയിലാണ് താമസം. ഭാര്യയും രണ്ടു ആൺമക്കളും അടങ്ങുന്നതാണ് കുടുംബം.ചിത്രം
ഡീക്കൺ ടോണി മേതല